നിങ്ങളുടെ ആഹാരം

          നിങ്ങളുടെ ആഹാരം
  
Dr Jeethu George


          യന്ത്രങ്ങൾക്കു ഇന്ധനം എന്ന പോലെ, പ്രകൃതിയിലെ ഏറ്റവും സങ്കീർണ യന്ത്രമായ മനുഷ്യശരീരത്തെ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഇന്ധനമാണ് ഭക്ഷണം. ആരോഗ്യത്തോടുകൂടിയുള്ള ആയുസ്സിനു അറിഞ്ഞുള്ള ആഹാരം ഏറ്റവും ആവശ്യമാണ്.

ദിവസേന നമ്മുടെ തീൻമേശയിൽ വരുന്ന ആഹാരത്തിലെ പോഷക ഘടകങ്ങളെ (nutrients)പ്രധാനമായും താഴെ പറയുന്ന രീതിയിൽ തരം തിരിക്കാം

1) ധാന്യകം (carbohydrate)ഭക്ഷണത്തിലെ പ്രധാന ഊർജ ദായനി യാണ് ധാന്യകങ്ങൾ. അന്നജം (starch), പഞ്ചസാര (sugars), cellulose മുതലായവ ധാരാളമായി അടങ്ങിയിരിക്കുന്ന ധാന്യങ്ങൾ (cereals), കിഴങ്ങു വർഗ്ഗങ്ങൾ ഇവയിൽ അധികമായി ധാന്യകങ്ങൾ അടങ്ങിയിരിക്കുന്നു. ലോകത്തു ഏതു ഭാഗത്തു സഞ്ചരിച്ചാലും, ആഹാരത്തിന്റെ പ്രധാന ഭാഗം ധാന്യകങ്ങൾ ആയിരിക്കും.

2) മാംസ്യം (protein)ശരീരത്തിന്റെ നിർമാണപ്രക്രിയയിൽ കാതലായ പങ്കു വഹിക്കുന്നു ഘടകമാണ് മാംസ്യം. കോശങ്ങളുടെ വളർച്ചയും വിഘടനവും (cell division), ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളും എന്നു വേണ്ട കാതലായ എല്ലാ ജോലികളുടെയും അടിസ്ഥാനം മാംസ്യങ്ങളാണ്. പ്രധാനമായും പയറു വർഗങ്ങളിലും, മാംസാഹരങ്ങളിലും (ഇറച്ചി, മീൻ, മുട്ട) ആണ് മാംസ്യം അടങ്ങിയിരിക്കുന്നത്.

അമിനോ അമ്ലങ്ങൾ (amino acids) ആണ് മാംസ്യത്തിന്റെ അടിസ്ഥാന യൂണിറ്റുകൾ, അഥവാ നിരവധി അമിനോ ആസിഡുകൾ കൂടി ചേർന്നാണ് ഒരു പ്രോട്ടീൻ ഉണ്ടാവുന്നത്. 21 തരം അമിനോ ആസിഡുകളുടെ  വിവിധ ഒത്തുമാറ്റങ്ങളും കൂടി ചേരലുകളും (permutations and combinations) ആണ് ലക്ഷകണക്കിനുള്ള പ്രോട്ടീനുകളുടെ അടിസ്ഥാനം. 21 , 8 അമിനോ ആസിഡുകൾ ശരീരത്തിന് ഉൽപാദിപ്പിക്കാൻ കഴിയില്ല, അവ ആഹാരത്തിലൂടെ തന്നെ ഉള്ളിൽ ചെല്ലണം. ഇവയെ essential aminoacids എന്നു പറയുന്നു. എല്ലാ essential amino അസിഡുകളും അടങ്ങിയിരിക്കുന്ന ആഹാരങ്ങളാണ് പൂർണ മാംസ്യങ്ങൾ (complete proteins). മാംസാഹരങ്ങളാണ് ഇത്തരത്തിൽ ജൈവികമായ പൂർണ മാംസ്യങ്ങൾ. എന്നാൽ സസ്യാഹാരികൾക്കു (vegetarians) എല്ലാ essential അമിനോഅസിഡുകളും  ലഭിക്കണമെങ്കിൽ ആഹാര സാധനങ്ങളുടെ യുക്തിപരമായ സങ്കലനം (combination) ആവശ്യമാണ്. ധാന്യങ്ങളും പയറു വർഗ്ഗങ്ങളും ഒരുമിച്ചു ഉപയോഗിക്കുന്ന നമ്മുടെ പരമ്പരാഗത ഭക്ഷണ രീതികൾ( ദോശ, ഇഡ്ഡലി, പുട്ടും കടലയും, കഞ്ഞിയും പയറും) ഇതിനു ഉത്തമ ഉദാഹരണങ്ങളാണ്.

3)  കൊഴുപ്പു (fat)ആഹാരത്തിലെ ഇരുതല മൂരിയാണ് കൊഴുപ്പു. കുറഞ്ഞ അളവിൽ കൂടുതൽ ഊർജം നൽകും എന്നത് കൊണ്ടും രുചിയിൽ മുന്നിലാണെന്നുള്ളത് കൊണ്ടും നാവിനു കൊഴുപ്പിനോട് പ്രിയമേറെയാണ്.  എന്നാൽ അധികമായാലോ, ശരീരത്തിൽ പല ഭാഗങ്ങളിലും അടിഞ്ഞു കൂടി പൊണ്ണത്തടി മുതൽ, ഹൃദയാഘാതത്തിനും (cardiac arrest) പക്ഷാഘാതത്തിനും (stroke) വരെ കാരണമാകാം. എണ്ണകളിലും മാംസാഹാരത്തിലുമാണ് അധികവും കൊഴുപ്പു അടങ്ങിയിരിക്കുന്നത്.

കൊഴുപ്പിനെ പൂരിത കൊഴുപ്പെന്നും (saturated fat) അപൂരിത കൊഴുപ്പെന്നും (unsaturated fat) രണ്ടായി തിരിക്കാം. അപൂരിത കൊഴുപ്പുകളെ അപേക്ഷിച്ചു പൂരിത കൊഴുപ്പുകൾ കൂടുതൽ അപകടകാരികൾ ആണ്. മാത്രവുമല്ല, അപൂരിത കൊഴുപ്പുകൾ ശരീരത്തിലെ പല നിർണായക പ്രവർത്തനങ്ങൾക്കും അത്യന്താപേക്ഷികവുമാണ്. മാംസത്തിൽ നിന്നുള്ള കൊഴുപ്പുകളിൽ അധികവും പൂരിത കൊഴുപ്പുകളാണ്, എന്നാൽ സസ്യ എണ്ണകളിൽ അധികവും അപൂരിത കൊഴുപ്പുകളും. അതിനാലാണ് പൊതുവെ സസ്യ എണ്ണയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെടുന്നത്. എന്നാൽ മറ്റു സസ്യ എണ്ണകളിലും നിന്നും വ്യത്യസ്തമായി, വെളിച്ചെണ്ണയിൽ പൂരക കൊഴുപ്പുകൾ അധികമാണ്.

4) ജീവകങ്ങൾ (vitamins)  ചെറിയ അളവിലെങ്കിലും  ശടീരത്തിന് ഒഴിച്ചു കൂടാൻ ആവാത്ത ഘടകങ്ങളാണ് ജീവകങ്ങൾ. വിറ്റാമിനുകൾ A, D, E, K ഇവ കൊഴുപ്പിൽ അലിയുന്നവയാണ്. വിറ്റാമിൻ C യും B complex വിറ്റാമിനുകളും ആകട്ടെ വെള്ളത്തിൽ ലയിക്കുന്നവയും ആണ്. വിവിധ വിറ്റാമിനുകളെയും അവയുടെ ദൗർലഭ്യം ഉണ്ടാക്കുന്ന രോഗങ്ങളെയും വിറ്റാമിനുകൾ അടങ്ങിയിരിക്കുന്ന ഭക്ഷ്യ വസ്തുക്കളെയും കുറിച്ചു അറിയുക
.
5) ധാതുക്കൾ ( minerals)ചെറുതും വലുതുമായ അളവുകളിൽ ശരീരത്തിന് ആവശ്യം വേണ്ടുന്ന നിരവധി മൂലകങ്ങൾ ഉണ്ട്. രക്ത നിർമാണത്തിന് സഹായിക്കുന്ന ഇരുമ്പ് (iron), എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു വേണ്ടുന്ന കാൽസ്യം, ഫോസ്ഫറസ്, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് സഹായിക്കുന്ന അയഡിൻ ഇവ ഉദാഹരണങ്ങളാണ്. ഇവയിൽ iron, iodineമുതലായവയുടെ സാന്നിധ്യം ഉറപ്പു വരുത്താൻ സർക്കാരിന്റെ ഇടപെടൽ ഭക്ഷ്യ മേഖലയിൽ ഉണ്ട്.

ഇവ കൂടാതെ, പോഷക ഘടകം അല്ലെങ്കിലും, ഭക്ഷണത്തിൽ അടങ്ങിയിരിക്കേണ്ട അവശ്യ വസ്തുക്കളാണ് വെള്ളവും, നാരുകളും.

പോഷക അപര്യാപ്‌ത രോഗങ്ങൾ (nutrient deficiency diseases)

അവശ്യ പോഷക ഘടകങ്ങളുടെ അപര്യാപ്‌തത കൊണ്ടു ഉണ്ടാകുന്ന രോഗങ്ങൾ ആണിവ.
ലഭിക്കുന്ന ആഹാരത്തിന്റെ അളവിൽ തന്നെ വലിയ കുറവ് നേരിടുമ്പോൾ, വളരുന്ന കുട്ടികളിൽ കാണുന്ന അവസ്ഥകളാണ് kwashiorkar ഉം marasmus ഉം. യുദ്ധവും, ആഭ്യന്തര കലഹങ്ങളും രൂക്ഷമായ പ്രദേശങ്ങളിലെ പട്ടിണി കോലങ്ങളായി നമ്മൾ കാണുന്ന കുട്ടികൾ അതീവ അപകടകരമായ അവസ്ഥകളിൽ ഉള്ളവരാണ്.

അതു പോലെ പ്രധാനമാണ്, മുൻപേ സൂചിപ്പിച്ച ജീവകങ്ങളുടെയും ധാതുക്കളുടെയും അഭാവം ഉണ്ടാക്കുന്ന രോഗങ്ങളും.

അമിതവണ്ണം (obesity)

പകർച്ചവ്യാധി പോലെ ലോകത്തെ കീഴടക്കുന്ന ഗുരുഃതര ആരോഗ്യ പ്രശ്നമാണ് ഇന്ന് അമിതവണ്ണം. ശരീരത്തിൽ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പു, പ്രമേഹം (diabetes), രക്താതിസമ്മർദ്ദം( hypertension) തുടങ്ങിയുള്ള രോഗങ്ങളുടെ മുന്നോടിയായാണ്. തെറ്റായ ഭക്ഷണ രീതികളും, വ്യായാമത്തിന്റെ കുറവുമാണ് അമിതവണ്ണത്തിന്റെ കാരണക്കാർ. അമിതവണ്ണത്തിന്റെ തോത് കണക്കു കൂട്ടാൻ BMI, അരക്കെട്ടിന്റെ വ്യാസം (waist circumference) മുതലായ മാർഗങ്ങൾ അവലംബിക്കുന്നു.
കൂടുതൽ വായനക്ക്

  • ·         തവിട്ടു അരിയും മറ്റു തവിടോട് കൂടിയ ധാന്യങ്ങളുമാണ് വെള്ള അരിയെയും തവിടില്ലാത്ത മൈദ പോലെയുള്ള ധാന്യപ്പൊടികളെയും കാൾ ആരോഗ്യകരം
  • ·         പച്ചക്കറികൾ അധികം വേവിക്കാതെയും കഴിവതും പഴകാതെയും ഉപയോഗിക്കുന്നതാണ് നല്ലത്
  • ·         പഴച്ചാറിനെകാൾ പഴങ്ങളാണ് മെച്ചം
  • ·         പ്രമേഹ രോഗികൾ പഞ്ചസാരയും മധുരപലഹാരങ്ങളും ഒഴിവാക്കുക. തവിട്ടു അരി ഉപയോഗിക്കുക.


മുകളിൽ പറഞ്ഞ പൊതു ആരോഗ്യ നിർദേശങ്ങൾക്ക് കാരണം കണ്ടെത്തുക

  1. ·         ജീവകങ്ങളുടെയും ധാതുക്കളുടെയും  അപര്യാപ്‌ത രോഗങ്ങൾ (deficiency diseases)
  2. ·  പൊണ്ണതടിയെയും ജീവിതശൈലീ രോഗങ്ങളെയും നിയന്ത്രിക്കാൻ ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ (obesity and non communicable diseases)


Share on Google Plus

About MediIQ

Medical quiz for high school students by Kerala Government Medical Officers’ Association (KGMOA).KGMOA is the one and only recognised service organization of Doctors working in the Health Services Department of Kerala State. Amrithakiranam is a novel venture of the KGMOA State committee to promote scientific medicine and healthy living, which is possible only through development of scientific temper among the student community.
    Blogger Comment
    Facebook Comment

0 comments:

Post a Comment